കേരളം .....

വിദ്യാ സമ്പന്നരുടെ നാട് ,
തൊഴില്‍ ഇല്ലാ പടയുടെ നാട് .
കായലുകളുടെയും,
കുളങ്ങളുടേയും ,പുഴകളുടെയും നാട് ,
കുപ്പി വെള്ളത്തില്‍ ദാഹം തീര്‍ക്കുന്നവരുടെ നാട് .
ഏറ്റവും കൂടുതല്‍ ആശുപത്രികളുടെ നാട്,
മഴ വന്നാല്‍ പനിച്ചു വിറയ്ക്കുന്ന വരുടെ നാട്.അതെ ,
വൈരുധ്യങ്ങളുടെ നാട് ,
വൈരുധ്യാത്മക ഭൌതികവാദത്തിന്റെയും നാട് .
പറ്റിപ്പ് കാരുടെ നാട്, പറ്റിക്കപെടുന്ന വരുടെയും നാട്.
ആട്, മാഞ്ചിയം , മണി ചെയിന്‍ ,തട്ടിപ്പ് കഥകള്‍ എത്രയെത്ര ......
ഇവിടെ ഞാന്‍ ഒരു അധ്യാത് മിക തട്ടിപ്പിന്റെ ഇരയായ കഥ .
പത്തു പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്
ഞങ്ങളുടെ ഓഫീസിലെ സുപ്പര്‍ വൈസര്‍ ആണ് പറഞ്ഞത്
തമിഴ്നാട്ടിലെ "വൈത്തീസരന്‍ " കോ വിലില്‍ നിന്നും നാഡി ജോതിഷക്കാര്‍
തിരുവനന്തപുരത്ത്ക്യാമ്പ് ചെയുന്നു അദ്യേഹം പോയി കണ്ടിരുന്നു.
ഭൂതം ,ഭാവി ,വര്‍ത്തമാനങ്ങള്‍ എല്ലാം പറയും .
ഷെയര്‍ മാര്‍ക്കറ്റില്‍ ആണത്രേ അദ്യേഹത്തിന്‍റെ ഭാവി .
അതാണ് കാര്യം,
ഈയിടെ ആയി ഇംഗ്ലീഷ് പത്രങ്ങള്‍ ആണ് വായന .
ഷെയര്‍ ബിസിനസ്സിന്റെ
മാഹാത്മ്യത്തിന്റെ കഥകളാണ് ഇപ്പോള്‍ കൂടുതലും പറയുന്നത് .
ഉച്ചക്ക് ര ണ്ടെണ്ണം വീശാന്‍ പോയ വിജിയും സുരേഷും
അദ്യേഹത്തെ സന്ധ്യാ ബാറിനു അടുത്ത് വച്ച് കണ്ടത് ,
ബാറില്‍ നിനും ഇറങ്ങിയത് ആണെന്നും അല്ല ബാറിനടുത്തുള്ള
ഷെയര്‍ ബ്രോക്കറുടെ ഓഫീസില്‍ നിന്നും വന്നതാണെന്നും
ഉള്ള തര്‍ക്കം കുറേ നാളായി സജീവമായിരുന്നു .
അല്‍പ്പം കമ്മ്യൂണിസവും,നിരീശ്വര വാദവും തലയ്ക്കു പിടിച്ചിരുന്ന
കാലമായിരുന്നതിനാല്‍ നാഡി ജ്യോതിഷത്തോട് അത്ര താല്‍പ്പര്യം കാണിച്ചില്ല .
പിന്നീട് ബാലുവും സതിയുംആണ് നാഡിജ്യോതിഷത്തെ കുറിച്ച്
വിശദമായി പറഞ്ഞു തന്നത് .
തമിള്‍നാട്ടില്‍ ഒരു വൈത്തീശ്വരന്‍ കോവില്‍ ഉണ്ട് .
അവിടെ, ഇന്നുവരെ ജനിച്ചിട്ടുള്ളവ രു ടെയും,
ഇനി ജനിക്കാനുള്ളവരുടെയും ജാതകങ്ങള്‍ പനയോലകളില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട് .
ഭൂതം, ഭാവി, വര്‍ത്തമാന കാലങ്ങള്‍ ,
പുനര്‍ജന്മം ,മുന്‍ജന്മം തുടങ്ങി ഒരു മനുഷ്യന്റെ എല്ലാ കാര്യ ങ്ങളും
പനയോലയില്‍ ഉണ്ടാവും .അഗസ്ത്യമുനിക്ക് ഭഗവാന്‍ പരമേശ്വരന്‍ ഉപദേശിച്ച
ജ്യോതിഷമാണത്രേ ഇത് .അവിടുത്തെ ഒരു പുരാതന
കുടുംബത്തിന്റെ അധീനതയില്‍ ഒരു അജ്ഞാത ഗുഹയില്‍ ആണത്രേ
ഈ പനയോല കെട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത് .
ഈ ജ്യോതിഷ രഹസ്യങ്ങള്‍ അറിയുന്നതിന് ഇന്നിന്ന ദിവസം ഇന്നിന്ന ആളുകള്‍
അവിടെ വരുമെന്നും അവിടെ എഴുതി വച്ചിട്ടുണ്ടത്രേ.
ജ്യോതിഷം അറിയാന്‍ വരുന്നവര്‍ അവരുടെ തള്ളവിരലിന്റെ മുദ്ര
ആദ്യം നല്‍കണം .അത് ഉപയോഗിച്ച് അസംഖ്യം
പനയോലകളില്‍ നിന്നും നമ്മുടെ പനയോല തേടി എടുത്ത്
നമ്മുടെ ഭൂതവും ഭാവിയും പറയും !!!!
ഒരിക്കല്‍ ഒരു സായിപ്പിന്റെയും മദാമ്മ യുടെയും

അവരുടെ മാതാപിതാക്കളുടെയും പേരുകളും അവര്‍ കഴിഞ്ഞ ജന്മത്തില്‍ ആരായിരുന്നുവെന്നും
അവരുടെ ജോലി എന്താണെന്നും പ്രവചിച്ചത്രേ !
തിരുവനന്തപുരത്തുകാര്‍ക്ക് എളുപ്പത്തിനു വേണ്ടി
അവര്‍ ഇവിടെ വന്നതാണത്രേ.സംശയങ്ങള്‍ ബാക്കിയായിരുന്നു .
കോടാനുകോടി ജനങ്ങളുടെ പനയോലകെട്ടുകള്‍
സൂക്ഷിക്കാന്‍ ഈ വൈത്തീശ്വരന്‍ കോവില്‍ മതിയാകുമോ ?
പ്രാഥമിക വിവരങ്ങള്‍ പറഞ്ഞു തരുന്നതിന്
250 രൂപ ഫീസ് എന്നത് അല്‍പ്പം മനപ്രയാസം
ഉണ്ടാക്കിയങ്കിലും ഒടുവില്‍ ഭാവി അറിയാന്‍ തന്നെ തീരുമാനിച്ചു .
കൂടുതല്‍ ഓരോ കാര്യങ്ങള്‍ അറിയാനും കൂടുതല്‍ ഫീസ് കൊടുക്കണം .
അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ശ്രീ കണ്ടേശ്വരം അമ്പലത്തിനടുത്തുള്ള
നാഡിജ്യോതിഷാലയത്തില്‍ എത്തി .
ഒരു വലിയ വീട് ,മുന്നിലൊരു വരാന്ത.
അവിടെ സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ .
ഭിത്തിയില്‍ സ്വദേശികളുടെയും വിദേശികളുടെയും
രാഷ്ട്രീയക്കാരുടെയുംസിനിമാ താരങ്ങളുടെയും
കൂടെ കസവ് പുതച്ച ഒരാളുടെ അസംഖ്യം ഫോട്ടോകള്‍.
അതുകഴിഞ്ഞ് ഒരു ഒറ്റ മുറി ,അവിടെ ഒരു കക്ഷി കസവ് മുണ്ടും വെള്ള ഷര്‍ട്ടും
വിശാലമായ ചന്ദനക്കുറിയു മായി ഒരു മേശക്ക് പുറകില്‍ .
അദ്ദേഹമാണ് മാനേജര്‍.അവിടെയാണ് തള്ളവിരല്‍ മുദ്രയും പണവും നല്‍കേണ്ടത് .
മാനേജര്‍ അണ്ണനെ നല്ല പരിചയം എത്ര ആലോചിച്ചിട്ടും ആരാണെന്ന് തെളിയുന്നുമില്ല.
ഒരു ദിവസം രണ്ടു പേരുടെ ജാതകം മാത്രമേ പരിശോധിക്കൂ .അതുകൊണ്ട്
എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രമാണ്അന്ന് സമയം ലഭിച്ചത് .
അവരുടെ വിരല്‍ മുദ്രയും എടുത്തു കാശും വാങ്ങി രണ്ടു അസിസ്റ്റന്റ്
നാഡി ജ്യോതിഷികളുടെ അടുത്തേക്കയച്ചു .
ഞങ്ങള്‍ ഇരിന്നതിനു അടുത്ത് രണ്ടു മുറികള്‍ വലതു വശത്തെ മുറിയില്‍ അഗസ്ത്യമുനിയുടെ
ഒരു വലിയ ഫോട്ടോ കുടെ അസംഖ്യം ദൈവങ്ങളുടെ ഫോട്ടോയും.
അവിടെ ഒരു പലകയില്‍ വെളുത്ത് ആജാനുബാഹുവായി ഒരു ആള്‍ .
മാനേജര്‍ പേര് വിളിക്കുന്നതിനു അനുസരിച്ച് ഊരോരുത്തരായി
അകത്തേക്ക് പോകുന്നു.സാമിയാരുടെ കാലു തൊട്ടു വണങ്ങുന്നു .
പണമായും മറ്റുസാധനമായും എന്തൊക്കയോ കൊടുക്കുന്നു.
അനുഗ്രഹം തേടുന്നു .
മാനേജരോട്കാര്യം ചോദിച്ചു .
"ഇതിനു മുന്‍പ് ഫലമറിയാന്‍ വന്നവരാണ് ,പ്രവചനങ്ങള്‍ സത്യമായതിലുള്ള
സന്തോഷംകൊണ്ട് കാഴ്ച ദ്രവ്യങ്ങളുമായി അനുഗ്രഹങ്ങള്‍തേടി വന്നതാണ് ."
ഞാന്‍ മാനേജരുടെ മുറിയില്‍ തന്നെ ഇരിക്കുകയാണ് .
"നല്ല മുഖപരിചയം എവിടയോ കണ്ടത്പോലെ "
"എനിക്ക് സാറിനെ അറിയാം .
പണ്ട് സലാം ലോഡ് ജില്‍ സാറ് താമസിച്ചിട്ടുണ്ട് .
അന്ന് ഞാന്‍ സുകുമാരണ്ണന്റെ കൂടെ ഉണ്ടായിരുന്നു ."
വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത്
ആദ്യമായി ജോലി കിട്ടി വന്നപ്പോള്‍
ആയുര്‍വേദ കോളെജിനു താഴെ സലാം ലോഡ്ജില്‍
ആണ് താമസം തരപ്പെട്ടത് .
അന്ന് അതിന്റെ മാനേജര്‍ ആയിരുന്ന സുകുമാരണ്ണന്റെ
ശിങ്കിടി ആയി നടന്ന അണ്ണന്‍
വൈകുന്നേരങ്ങളിലെ ഉന്മാദപ്പാര്‍ട്ടി കളിലെ "അറ്റന്‍ഡണ്ട് "
അതായത് ഞങ്ങളുടെ ഭാഷയില്‍ "പശ "
"അണ്ണാ ഇവിടെ ?"
"ഡേയ്ഞാന്‍ അതൊക്കെ വിട്ടടെയ് "
"പണി ഒന്നും ഇല്ലാത്ത കാലത്ത് ആണ് വീട് ബ്രോക്കര്‍ പണി
തുടങ്ങിയത് അങ്ങനെയാണ് നാഡിക്കാര്‍ക്ക് ഈ വീടെടുത്തു
കൊടുത്തതും മാനേജര്‍ ആയതും "
അണ്ണാ ഇതെന്തു പരിപാടി?
ഇത് വൈത്തീശ്വരന്‍ കോവിലില്‍ നിന്നും വന്ന പെരിയ സ്വാമി .
നമ്മുടെ കണ്ണില്‍ നോക്കി കാര്യങ്ങള്‍ പറയും .പറഞ്ഞാപ്പറഞ്ഞതാ കണ്ടില്ലേ
ആളുകള്‍ ദക്ഷിണയുമായി വരണത് !
നാഡി നോക്കാന്‍ എന്തുസമയം എടുക്കും?
ഒരു മൂന്നു മണിക്കൂര്‍.നാഡി കിട്ടിയാല്‍ പെരിയ സ്വാമിയുടെ അടുത്ത്
അയക്കും അദ്ദേഹം ഫലങ്ങള്‍ ഒരു ബുക്കില്‍ എഴുതി തരും,
കാസറ്റില്‍ ആക്കിതരണമെങ്കില്‍ 100 രൂപ എക്സ്ട്രാ ....
ഒരു ബ്ലാങ്ക് കാസ്സെറ്റ് കൊണ്ടുവരണം .
നാഡി പരിശോധിപ്പിക്കണോ എന്ന് വീണ്ടും സംശയമായി.
ഏതായാലും വന്നതല്ലേ പരിശോധിപ്പിച്ചിട്ടുതന്നെ കാര്യം.തീരുമാനം ഉറപ്പിച്ചു .
അണ്ണാ ഏതായാലും രണ്ടു മൂന്ന് മണിക്കൂര്‍ ആവുമല്ലോ അവരുടെ
നോക്കി തീരാന്‍.അത് കഴിഞ്ഞു ഞാന്‍ വരാം.രാവിലെ ഒന്നും കഴിച്ചതല്ല .
"ഡേയ് ...ഞാനും വരുന്നടെ ,ഒരു ചായ കുടിക്കാം"
"അടുത്തത് വിശാലാക്ഷി "
കൂടി ഇരുന്നവരോടായി പറഞ്ഞ് അണ്ണന്‍ എന്റെ കൂടെ ....
'അണ്ണാ പഴയ "ബ്രാന്‍ഡി" പരിപാടിയൊക്കെ"?
'ഇവിടെ അതൊന്നും നടക്കൂലടെ '
ഓരോരോ ചായയും കുടിച്ച് ഞങ്ങള്‍ പിരിഞ്ഞു
കൂടെ ഒരു പത്തു മണീസ് അണ്ണനും കൊടുത്തു .
അങ്ങനെ സുഹൃത്തുക്കള്‍ ഉച്ച കഴിഞ്ഞു ജാതകവും കാസെറ്റും ആയി വന്നു.
മൂന്നു ദിവസം കഴിഞ്ഞു വരാന്‍ എന്നോടും പറഞ്ഞു.
മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നാഡിജ്യോതിഷ നിലയത്തില്‍ എത്തി .
മാനേജര്‍ അണ്ണന്‍ വിരല്‍ പ്രിന്റ് എടുത്തു .
ചിന്ന സ്വാമിയുടെ അടുത്ത് അയച്ചു .
എന്റെ വിരലടയാളവുമായി ചിന്ന സ്വാമി അകത്തേക്ക്
കുറച്ചു കഴിഞ്ഞ് ഒരു താളിയോല കെട്ടുമായി വന്നു
ഒരു മേശയുടെ ഇരു പുറവുമായി ഞങ്ങള്‍ ...
തമിഴില്‍ ആണ് സംസാരം .
നിങ്കളുടെ പേര് "സ " എന്നഅക്ഷരത്തില്‍ ആണോ തുടങ്ങുന്നത്?
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി
താളിയോലയുടെ ഒരു താള്‍ മറിച്ചു
"ക" യില്‍ ആണോ തുടങ്ങുന്നത്?
ഞാന്‍ വീണ്ടും തലയാട്ടി -അല്ല .
വീണ്ടും താളുകള്‍ മറിഞ്ഞു
വീണ്ടും വീണ്ടും ചോദ്യങ്ങള്‍ വന്നു കൊണ്ടേയിരുന്നു .
അമ്മയുടെ പേര് "ര " യില്‍ ആണോ?
അച്ഛന്റെ പേര് "ദ" യിലാണോ?
അവസാന താളും മറിച്ചു കഴിഞ്ഞപ്പോള്‍
പറഞ്ഞു പേര് ഈ ഏടില്‍ ഇല്ലാ.
ചിന്ന സ്വാമി വീണ്ടും ഒരു പനയോല കെട്ടുമായി വന്നു .
വീണ്ടും ചോദ്യങ്ങള്‍
നിങ്ങള്‍ ജനിച്ച സ്ഥലം ഇന്ന അക്ഷരത്തില്‍ ആണോ?
കുറെ ചോദ്യങ്ങള്‍ ആയി.
എന്തോ ഒന്നും ഒത്തു വരുന്നില്ല.
ഒടുവില്‍ മൂന്നാമത്തെ താളിയോലയും വന്നു.
പേര് "M" ഇല്‍ ആണോ തുടങ്ങുന്നത്?
ങ്ങേ..അഗസ്ത്യന്‍ ഇംഗ്ലീഷും പഠിച്ചിട്ടുണ്ടോ?
ഇനി ഇംഗ്ലീഷില്‍ ആണോ താളിയോല?
ഞാന്‍ അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാന്‍ ഒരു വിഫല ശ്രമം നടത്തി .
ഏന്തോക്കയോ കുനുകുനാഎഴുത്തുകള്‍ ...ഒന്നും മനസിലായില്ല .
അവസാന താളും മറിഞ്ഞു , എന്റെ പേര് മാത്രം ഇല്ലാ.
"അത് വന്ത് ഉങ്ക ഏട് ഇങ്കെ ഇല്ലൈ .അത് വൈത്തീസ്വരന്‍
കൊവിലിലെന്ത് എടുത്തിട്ട് വരലെ.ഇനി വറ തിങ്കള്‍ കഴമ
താന്‍ നാങ്ക കോവിലിലെ പോയി എടുത്തിട്ട് വര മുടിയും.
ആനാ നീങ്ക വറ ബുധന്‍ കഴമ വാങ്കോ ".
ജ്യോതിഷ ശിങ്കം മൊഴിഞ്ഞു .
നീ വിശ്വാസം ഇല്ലാതെ പോയത് കൊണ്ടാണ് ഏട് കിട്ടാത്തത്
സൂപ്പര്‍ വൈസറും കൂട്ടുകാരും കുറ്റപെടുത്തി .
ഞങ്ങളുടെയെല്ലാം മാതാപിതാക്കളുടെയും കുട്ടികളുടെയും വരെ
പേരുകള്‍ പറഞ്ഞല്ലോ ?
വീട്ടില്‍ ചെന്ന് എത്ര ആലോചിച്ചിട്ടും എന്റെ മാത്രം ഏട്
കിട്ടാത്തത് എന്തെന്ന് പിടുത്തം കിട്ടിയില്ല.
അടുത്ത ബുധനാഴ്ച വീണ്ടും പോയി.
അന്ന് കഴിഞ്ഞ തവണ കണ്ട താളിയോല അല്ല .
കുറച്ചുകൂടി പുതിയതും വലുതും.
അതുതന്നെ എന്റേത് .പക്ഷെ അഗസ്ത്യന്റെ കാലത്ത് എഴുതിയത്
ഇത്രയും പുതിയതോ?
വീണ്ടും പഴയ പടി ചോദ്യങ്ങള്‍ .താളിയോലകളുടെ അവസാന താളും മറിഞ്ഞു .
പക്ഷെ എന്റെ മാത്രം കിട്ടിയില്ല .
പലരും തങ്ങളുടെ "തലേവരയുമായി" പോകുന്നത് ഞാന്‍
നിരാശയോടെ നോക്കി നിന്നു.
ഇനി അഗസ്ത്യമുനി എന്റെ പേര് എഴുതാന്‍ വിട്ടു പോയതാണോ .
അതിനിടെ ചെറിയ സ്വാമിയെ പെരിയ സ്വാമി വിളിച്ചു.
താളിയോല മേശ പുറത്തു വച്ച് ചെറിയ സ്വാമി പോയി.
ഞാന്‍ അതു പതുക്കെ എടുത്തു നോക്കി .തമിഴില്‍ എന്തക്കൊയോ എഴുതിയിരിക്കുന്നു.
ഞാന്‍ പേന എടുത്തു അതിന്റെ പുറകില്‍ "+" എന്നൊരു അടയാളം ഇട്ടു .
എഴുതിയത് ഒന്നും വായിക്കാന്‍ പറ്റുന്നില്ല.പക്ഷേ അതില്‍ വിരലടയാളമോ
ഗ്രഹനില കുറിച്ചതോ ഒന്നും കണ്ടില്ല.
"ഇനി ഉങ്ക ഏട് പാക്കണം ന്നാ വൈത്തീസ്വരന്‍ കോവിലുക്ക് പോയി താന്‍
പാക്കണം ,ഉങ്ക ഏട് ഇങ്കെ ഇല്ലൈ".
"250 രൂപ സ്വാഹാ"
ഞാന്‍ മനസ്സില്‍ ഓര്‍ത്തു .
"സ്വാമീ അങ്ങനെ പറയരുത് ഇപ്പം എന്നോട് നിലമ റൊമ്പ മോശം,
വൈത്തീസ്വരന്‍ കോവിലുക്ക് പോകാനൊന്നും ഇപ്പ മുടിയാത് ,
നീങ്ക എപ്പടിയാവത് ഏട് പാത്തു തരണം."
ഞാന്‍ മാനേജര്‍ അണ്ണന്റെ സഹായം തേടി.
ഒടുവില്‍ അടുത്ത ആഴ്ച വീണ്ടും വരാന്‍ പറഞ്ഞു.
ഇപ്പോള്‍ ഏകദേശം കാര്യങ്ങള്‍ തെളിഞ്ഞു വന്നു.
ഇതൊരു അശ്വമേധം പരിപാടിയാണ് .
അശ്വമേധം ശാസ്ത്രീയ നിഗമനങ്ങള്‍ ആണങ്കില്‍,
ഇത് ഒരു ഊഹക്കളി
നമ്മള്‍ എന്തങ്കിലും സൂചന കൊടുത്താലേ
അവര്‍ പേര് കണ്ടു പിടിക്കു,ഭാവി പ്രവചിക്കു.
ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.
ലോകത്തിലെ കോടി കണക്കിന് ജനങ്ങളുടെ
മുഴുവന്‍ കാര്യങ്ങളും ഏഴുതി സൂക്ഷിച്ചു വയ്ക്കണമെങ്കില്‍
വൈത്തീസ്വരന്‍ കോവില്‍ പോരാന്നും,അവരുടെ കയ്യില്‍ ഉള്ള
താളിയോലകള്‍ അഗസ്ത്യമുനിയുടെ കാലത്തേതല്ലന്നും ,
ഈ അടുത്ത കാലത്ത് എഴുതിയതാണന്നും
പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല .ഒരാളുടെ ഗ്രഹനിലയും
ഫലങ്ങളും വിശകലനങ്ങളും മുക്കാലടി നീളവും മൂന്ന് ഇഞ്ചു വീതിയും
ഉള്ള ഒരു പനയോലയില്‍ എഴുതി വക്കാനുള്ള ഒരു ഭാഷയും
ഇന്നേ വരെ കണ്ടു പിടിച്ചി ട്ടില്ലെന്നും
ഒന്നും ആരും അംഗീകരിച്ചില്ല .
"നീ യാച്ചു ഉ ന്‍ തല വിധി യാച്ച്"
തമിഴന്‍ സൂപ്പര്‍ വൈസര്‍ തലയില്‍ കൈ വച്ചു.
വീണ്ടും സംശയങ്ങള്‍,ഈ നാടിജ്യോതിഷം മനസമാധാനം
നഷ്ട പ്പെടുത്തി .ഇനി അവിടെ പോയി കാര്യങ്ങള്‍ പന്തി ആയില്ലങ്കില്‍
അവന്‍മാര്‍ വല്ല ഗുണ്ടകളെ വിട്ടു തല്ലിക്കുമോ?മാനേജര്‍ ആണങ്കില്‍
ആള്‍ അല്പം പിശകും.
ഏതായാലും പോകാന്‍ തീരുമാനിച്ചു.
വീണ്ടും പഴയ പല്ലവി.തലയാട്ടല്‍ അവസാനിപ്പിച്ചു വല്ലതും
പറയാന്‍ തീരുമാനിച്ചു.
സാര്‍, പേര് "P" യിലെ താനേ ആരംഭം?
അവസാനം p മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
വീണ്ടും ഇംഗ്ലീഷ്. ഞാന്‍ പറഞ്ഞു "ആമാ"
പേരിലെ അഞ്ചു എഴുത്ത് താനേ ഇരിക്ക്?
"ഇല്ലൈ മൂന്ന് "
പിന്നെ പറഞ്ഞു പറഞ്ഞ് "പ്രദീപി"ല്‍ കൊണ്ടെത്തിച്ചു.
അച്ഛന്‍റെയും അമ്മയുടെയും പേരുകള്‍ ശരിയായില്ല
വേറെ പനയോലകള്‍ എത്തി.
അത്ഭുദം മുന്‍പ് ഞാന്‍ + ചിഹ്നം ഇട്ട പനയോലക്കെട്ടും വന്നു.
പിന്നീട് ഞാന്‍ അല്‍പ്പം "ക്ലൂ" കൊടുക്കാന്‍ തുടങ്ങി.
ഒടുവില്‍ എന്റെ ജാതകം ഉള്ള ഏട് കണ്ടെത്തി !!
ഇതെല്ലാം കുറിച്ച് എടുത്ത്നാഡി വിദഗ് ധന്‍ ഓലക്കെട്ടുമായി പോയി .
"നീങ്ക കൊഞ്ചനേരം വെളിയിലെ ഉക്കാരുങ്കോ "
ഞാന്‍ മാനേജരുടെ അടുത്ത് തിരിച്ചെത്തി
അങ്ങേരെയും വിളിച്ച് ഒരു തട്ടുചായയും കുടിച്ച് തിരിച്ചു വന്നു.
കുറച്ചു നേരം കഴിഞ്ഞു .വയറ്റില്‍ ഒരു അസ്കിത.
"അണ്ണാ ചായ കുടിച്ചതാണെന്നു തോന്നുന്നു ഒരു വെപ്രാളം ,
ഇവിടെ ബാത്ത്റൂം ഉണ്ടോ. "
"അതിനെന്ത്,ദാ അവിടെ "വീടിനു പുറത്തേക്കു ചൂണ്ടി മാനേജര്‍ .
കാര്യം സാധിച്ചു തിരിച്ചു വരുന്ന വഴിയില്‍ ആയിരുന്നു
പനയോല കെട്ടുകള്‍ വയ്ക്കുന്ന മുറി.
അവിടെ ആരും ഇല്ലാ.അകത്തു കയറി നോക്കിയാലോ?
പതുക്കെ വാതില്‍ തള്ളി നോക്കി .ചാരിയിട്ടേയുള്ളൂ .
അസം ഖ്യം നാഡികള്‍ പ്രതീക്ഷിച്ച ഞാന്‍
കണ്ടത് ഒരു മേശപ്പുറത്ത് നാലഞ്ച് താളിയോലകള്‍.
ഒരു തമിഴ് ശതവര്‍ഷ പഞ്ചാംഗം,
മുറിയില്‍ ഒരു അയയില്‍ ഒരു വരയന്‍ നിക്കറും രണ്ടു തോര്‍ത്തും
ഒരു ഷര്‍ട്ടും ഉണക്കാന്‍ ഇട്ടിരിക്കുന്നുതറയില്‍ ഒരു പുല്‍പ്പായ,അതിനടുത്ത് ഒരു ഹാര്‍ഡ് ബോര്‍ഡ് പെട്ടി.
അതില്‍കുറച്ച്കടലാസും
"ബാഗ് പൈപ്പറിന്റെ" ആണോ "ബിജോയ്സിന്റെ"
ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു മഞ്ഞക്കൂടും!
പിന്‍കുറിപ്പ് :-
ഒരിക്കല്‍ ഇതിനെ കുറിച്ച് യുക്തി വാദി സംഘത്തില്‍
സജീവമായി പ്രവര്‍ത്തിച്ചിരുന്ന ,എന്റെ അടുത്ത സു ഹൃ ത്തിന്റെ
സഹോദരിയോട് സൂചിപ്പിച്ചിരുന്നു.പക്ഷേ
കാര്യമായ ഇടപെടല്‍ ഒന്നും ഉണ്ടായില്ല .
ഇപ്പോഴും "നാടിക്കാര്‍" തിരുവനന്തപുരത്ത് ധാരാളം !!!!!
