Sunday 31 July 2011

കഷണ്ടി മരുന്ന്


ഇവിടെ ഈ അനന്തപുരിയില്‍ ഒരിടത്ത്  ഒരു ദിനം...
വൈദ്യുതി രഹിതമായ ഒരു ബാര്‍ബര്‍ ഷാപ്പില്‍ 
തലയും കുനിച്ച് അല്‍പ്പനേരം .
കുറെ സമയമായിട്ടും തലയില്‍ കത്രിക പ്രയോഗം കണ്ടില്ല.
കണ്ണാടിയിലൂടെ ബാര്‍ബറുടെ മുഖത്തേക്ക് നോക്കി,
ദയനീയമായി അദ്ദേഹം ചോദിച്ചു... 
" ഞാനിവിടെ എന്ത് ചെയ്യണം"? 
അന്നേരമാണ്  ഞാന്‍ തലയിലേക്ക് ശ്രദ്ധിച്ചത്. 

കാര്‍ട്ടൂണ്‍ കഥയിലെ ഏലിയന്റെ തലയിലെ ആന്റിന പോലെ രണ്ടുമൂന്നെണ്ണം അവിടവിടെ പൊങ്ങി നില്‍ക്കുന്നു!!!

എത്ര പ്രഗല്ഭനും കത്രിക താഴെ വച്ച് അടിയറ പറയുന്ന നിമിഷം, ബാര്‍ബര്‍ കത്രികയും പിടിച്ചങ്ങനെ നില്‍പ്പാണ് !

"വയസും പ്രായവും ആയില്ലേ അണ്ണാ...ഒന്ന് വക്കിതന്നാല്‍ മതി..."
 ജാള്യത  ഒളിപ്പിച്ചു ഗമയോടെ ഞാന്‍ പറഞ്ഞു.

എന്തൊക്കെയോ 'കിര്‍ച്ചി കിര്‍ച്ചി' എന്ന ശബ്ദങ്ങള്‍ .
ഒരു മിനിട്ടിനപ്പുറം അല്പം പൌഡറും പൂശി പൈസയും വാങ്ങി സഹതാപത്തോടെ എന്നെ പറഞ്ഞു വിട്ടു...

യുദ്ധക്കളത്തില്‍ അകപ്പെട്ട അര്‍ജുനന്റെ  നിസ്സഹായാവസ്ഥ...
നോക്കുന്നിടതൊക്കെ 'മുടിയന്മാര്‍' സ്റ്റൈലില്‍ അങ്ങനെ നടന്നു പോകുന്നു.
ഐക്യധാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ഒരു കഷണ്ടിതലയനെയും കണ്ടില്ല!

'മൂഡൌട്ട് ' കണ്ട കുടുംബിനിയും മക്കളും ചോദിച്ചു "എന്തുപറ്റി?". 
കഥ മുഴുവന്‍ ഞാനവരോട് പറഞ്ഞു.

"ഇതാണോ പ്രശ്നം? അച്ഛന്‍ ടീവിയും സീരിയലും ഒന്നും കാണാത്തതാ പ്രശ്നം.
ഇപ്പോള്‍ കഷണ്ടി മാറ്റാന്‍ എത്രയെത്ര എണ്ണകളാ മാര്‍ക്കറ്റില്‍!"  മകളുടെ വക......

"അല്ലേലും ഈ വയസാംകാലത്താ ഓരോരോ പൂതി.മനുഷ്യാ കുളിച്ചു,വല്ലതും കഴിച്ച് ഉറങ്ങാന്‍ നോക്ക്.ഓരോ മുതുക്കൂത്തുകളേ."
ഭാര്യയുടെ മുഖത്തേക്ക് ദയനീയമായി നോക്കി,
യാതൊരു ദയയും പ്രതീക്ഷിക്കണ്ട...

എന്നാലും അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ 
ടി.വി കാണാന്‍ തുടങ്ങി,നെറ്റില്‍ പരതി, സ്ത്രീ പ്രസിദ്ധീകരണങ്ങള്‍ ആവോളം വായിച്ചു... 
എന്നാലും തൃപ്തി വന്നില്ല. ഒന്നും നടക്കില്ല,

അങ്ങനെയാണ് സുഹൃത്ത്‌ പറഞ്ഞറിഞ്ഞത് "കഷണ്ടി തലയില്‍ മുടി കൃഷി ചെയ്യാം!!!"

അങ്ങനെ തലയില്‍ മുണ്ടുമിട്ട് ഒരിടത്തെത്തി.
ഗംഭീരമായ സ്വീകരണം!!! 
ഇരയെ കണ്ട കുറുക്കന്റെ ഭാവത്തോടെ അവര്‍...
നാരങ്ങാ വെള്ളം വന്നു. അല്പം കാത്തിരിക്കാനും പറഞ്ഞു. അവശ്യം നമ്മുടെയല്ലേ? കാത്തിരുന്നു.
ഒടുവില്‍ ഒരു 'മുടിക്കര്‍ഷകന്റെ' മുന്നിലെത്തി,വിശദമായ കഷണ്ടി മാഹത്മ്യത്തെകുറിച്ചു പ്രഭാഷണം...
"നിരാശപെടണ്ട നമുക്ക് ശരിയാക്കാം.
പരിഹാരമുള്ള ദുരിതങ്ങളും പരിഹാരമില്ലാത്ത ദുരിതങ്ങളും ലോകത്തുണ്ട് .....
ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
നമുക്ക് hair transplantation (മുടി കൃഷി) നടത്താം.
രൂപ 25000 അഡ്വാന്‍സ്‌ ആയി കൌണ്ടറില്‍ അടച്ചോളൂ , ബാക്കി 'കൃഷി' കഴിഞ്ഞു തന്നാല്‍ മതി."

ആദ്യം തന്ന നാരങ്ങാവെള്ളം  ഇപ്പോള്‍ കിട്ടിയാല്‍ മതിയായിരുന്നു!!!

ജട്ടിവാങ്ങിയാല്‍ ചിട്ടിയടക്കാന്‍ വഴിയില്ലാത്ത ഒരു ഗവ:ഉദ്യോഗസ്ഥന്റെ വിഷമം ആരോട് പറയാന്‍?

പിന്നെയും മോളാണ് രക്ഷക്കെത്തിയത്.
"അച്ഛാ നമുക്ക് ഈ എണ്ണയൊന്നു  പരീക്ഷിക്കാം.
മാളൂന്റെ അച്ഛന്‍ ഇത് തേച്ചിട്ടാ മുടി കിളിര്‍ത്തത്.
പക്ഷെ അച്ഛന്‍ തലയില്‍ മാത്രമേ തേക്കാവൂ . മുഖത്തെങ്ങാനും തേച്ചാല്‍ , ഒടുവില്‍ കരടിപോലെയാകും, സൂക്ഷിക്കണേ!!!"

മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...

അങ്ങനെ ആരുമറിയാതെ ഒരു ദിവസം എണ്ണ വാങ്ങി. 380 രൂപ എന്നാലും കുഴപ്പമില്ല.
പക്ഷെ ഭാര്യ ബില്ല് കണ്ടുപിടിച്ചു.
" മനുഷ്യാ നിങ്ങടെ കഷണ്ടിത്തല ഞാനങ്ങു ക്ഷമിച്ചു....
ഇതിനു ചെലവാക്കിയ രൂപയുണ്ടെങ്കില്‍ കൊളുത്ത് പൊട്ടിയ  മാലയെങ്കിലും  ശരിയാക്കാമായിരുന്നു."

ഭാര്യ സ്ടീരിയോ ഓണ്‍ ചെയ്യ്തു.
അവള് വിടുന്ന ലക്ഷണമില്ല.

അങ്ങനെ രാഹുകാലം നോക്കി എണ്ണ തേപ്പു തുടങ്ങി.
പ്രതീക്ഷയോടെ കണ്ണാടി നോക്കിനാളുകള്‍ എണ്ണി. നിരാശയായിരുന്നു ഫലം. ഒന്നും വന്നില്ല.
ഏതായാലും വാങ്ങിയതല്ലേ വെറുതെ തേച്ചു കളയാം.
മാസമൊന്നു കൊഴിഞ്ഞു പോയി.
എന്റെ എണ്ണ തേപ്പില്‍ കഠിന പ്രധിഷേധമുള്ള ഭാര്യ കുറ്റപ്പെടുത്തല്‍  നിര്‍ത്തിയില്ല.

"നിങ്ങളുടെ ആ നശിച്ച എണ്ണയുടെ മണമാണെന്ന്  തോന്നുന്നു, രാത്രി ഉറക്കം വരുന്നില്ല.
എന്തൊക്കെയോ ദുസ്വപ്‌നങ്ങള്‍. 'ട്ടപ്പേ'  'ട്ടപ്പേ ' എന്നുള്ള ഒച്ച കേട്ട് ഞെട്ടിയുണരുന്നു.
എനിക്ക് നാളെ ആശുപത്രിയില്‍ പോണം". ഭാര്യ കട്ടായം പറഞ്ഞു.

ഡോക്ടറെ കണ്ടു 'കുഴപ്പമൊന്നുമില്ല ഒരു മനശാസ്ത്രജ്ഞനെ കാണിക്കുന്നത് നന്നായിരിക്കും'.
ഈ കഷണ്ടി എണ്ണ എന്നെയും കൊണ്ടേ പോകു...

കര്‍ത്താവേ..... ശമ്പളം ഇന്ന് തന്നെ തീരുമോ?

മനശാസ്ത്രജ്ഞന്റെ ചോദ്യങ്ങളായി ഉത്തരങ്ങളായി...
ഒടുവില്‍ തീരുമാനത്തിലെത്തി,
 'ഇത് വെറും തോന്നലാണ്'.

ഈയിടെയായി ഭാര്യ മകളോടൊപ്പം ഉറക്കം മാറ്റി. സഹിക്കുകയല്ലാതെ  എന്ത് ചെയ്യാന്‍? മുടി വളര്‍ന്നല്ലേ പറ്റു!

ദിവസങ്ങള്‍ കഴിഞ്ഞു. ഭാര്യ വിടുന്ന ലക്ഷണമില്ല.
"ഇന്നലെയും ഞാന്‍ 'ട്ടപ്പേ' 'ട്ടപ്പേ ' എന്ന   ഒച്ച വീണ്ടും കേട്ടു."
അപ്പോഴാണ് മോനും പറഞ്ഞത് "അച്ഛാ ഞാനും കേട്ടു ആ ഒച്ച,വല്ല എലിയോ മറ്റോ ആകും.
ഞാന്‍ കണ്ടുപിടിച്ചോളാം... 
എനിക്കിന്ന് രാത്രി പ്രൊജക്റ്റ്‌ എഴുതി തീര്‍ക്കാനുണ്ട്."

പാതിരാത്രി എന്തോ ബഹളം കേട്ടു ഞെട്ടി ഉണര്‍ന്നു. എലിയെയോ മറ്റോ പിടിച്ചോ ആവോ?

ഭാര്യ കട്ടിലിന്റെ അരികില്‍ പകച്ചിരിക്കുന്നു,അനക്കമൊന്നും ഇല്ല!!
മോന്‍ തലയിലേക്ക് 'ബ്രൈറ്റ് ലൈറ്റ് '  ടോര്‍ച്ച്  അടിക്കുന്നു.!!
മോള്‍ ഒരു ഭൂതക്കണ്ണാടിയുമായി  തലയാകെ പരിശോധിക്കുന്നു!!!
ആകെ ബഹളമയം......!
ഒടുവില്‍ പറഞ്ഞു,
"അച്ഛാ അമ്മ പറഞ്ഞത് ശരിയാണ്, അച്ഛന്റെ തലയില്‍ പുതിയ മുടികള്‍ പൊട്ടികിളിര്‍ക്കുന്നതാണ്   'ട്ടപ്പേ' 'ട്ടപ്പേ '   ശബ്ദം !!!!അമ്മയുടെ ഉറക്കം കെടുത്തിയത്  ഈ പൊട്ടി കിളിര്‍ക്കലാ !!!!"

ഞാനും തലയില്‍ ടോര്‍ച്ച് അടിച്ചു കണ്ണാടിയില്‍  നോക്കി! അത് ഭുതം !!!!!!

  ഏലിയന്റെ തലയില്‍ വീണ്ടും രണ്ടു മൂന്നു ഏരിയലുകള്‍.!!!!!